കുംഭമേള വൈറൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചു. സുരക്ഷ ആവശ്യപ്പെട്ടുള്ള പെൺകുട്ടിയുടെ പരാതി ലഭിച്ചിട്ടുണ്ട്.
പെൺകുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ഒരു സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് മധ്യപ്രദേശ് പൊലീസിന് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ തുടരുകയാണ്. താരത്തിൻ്റെ ഭര്‍ത്താവിനെതിരെ പോക്‌സോ കേസെടുത്തതിന് പിന്നാലെയാണ് പെൺകുട്ടിയെ പിടികൂടാൻ പൊലീസ് എത്തിയത്.
പ്രായപൂർത്തി ആവാതെ വിവാഹം നടത്തിയെന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പങ്കാളി ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തത്.
മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയതിന് പിന്നാലെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി മുഖ്യമന്ത്രിക്കും കമ്മീഷണർക്കും പരാതി നൽകിയിരുന്നു.
















