അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെത്തുടർന്ന് കോളേജിൽ ഉടലെടുത്ത അസ്വാഭാവിക സാഹചര്യങ്ങൾക്കിടെ, ഓർത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും രാജിവെച്ചു. വകുപ്പിലെ ഏഴ് ജീവനക്കാരാണ് ഒന്നിച്ച് മാനേജ്‌മെന്റിന് രാജിക്കത്ത് കൈമാറിയത്. എന്നാൽ, നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാനേജ്‌മെന്റ് ഈ രാജിക്കത്തുകൾ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോളേജിൽ തുടരുന്ന ശക്തമായ വിദ്യാർത്ഥി പ്രതിഷേധമാണ് ഈ കൂട്ടരാജിക്ക് പിന്നിലെന്നാണ് സൂചന. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കും ജീവനക്കാർക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള ക്യാമ്പയിനുകൾ നടന്നിരുന്നു. ജീവനക്കാർ മാനസികമായി പീഡിപ്പിച്ചതാണ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണമെന്ന ഗുരുതര ആരോപണമാണ് സഹപാഠികൾ ഉന്നയിക്കുന്നത്.
വിദ്യാർത്ഥി സംഘടനകളുടെയും സഹപാഠികളുടെയും ഭാഗത്തുനിന്നുണ്ടായ കടുത്ത പ്രതിഷേധങ്ങളും കുറ്റാരോപിതരായ അധ്യാപകർക്കെതിരെ ഉയരുന്ന ജനരോഷവുമാണ് ജീവനക്കാരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.
















