നിർമ്മാണത്തിലിരിക്കുന്ന വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയെന്ന പ്രചാരണം തള്ളി റവന്യൂ മന്ത്രി കെ. രാജൻ. ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിലെ നിർമ്മാണപ്രവർത്തനങ്ങൾ മന്ത്രി നേരിട്ടെത്തി വിലയിരുത്തി. ഒന്നാം സോണിലെ നൗഫൽ എന്ന വ്യക്തിയുടെ വീട്ടിൽ വിള്ളൽ കണ്ടെത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ സന്ദർശനം.
വീടിന്റെ മേൽക്കൂരയിൽ വെള്ളം കിനിഞ്ഞിറങ്ങിയ പാടുകൾ മാത്രമാണുള്ളതെന്നും അല്ലാതെ വിള്ളലുകളില്ലെന്നും മന്ത്രി പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. ചോർച്ച തടയുന്നതിനുള്ള ഫിനിഷിംഗ് ജോലികൾ പൂർത്തിയാകാത്തതിനാലാണ് ഇത്തരത്തിൽ സംഭവിച്ചത്. താപനിലയിലുണ്ടാകുന്ന വ്യതിയാനം മൂലം കോൺക്രീറ്റിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങൾ മാത്രമാണിതെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതരും നേരത്തെ വിശദീകരിച്ചിരുന്നു.
ദുരന്തബാധിതരുടെ ധനസഹായം വിതരണം ചെയ്യുന്നതിൽ ഉണ്ടായ കാലതാമസം വെറും സാങ്കേതിക പ്രശ്‌നങ്ങൾ മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനു പരിഹാരം കണ്ടുവരികയാണ്. ഊരാളുങ്കൽ നൽകിയ ഉറപ്പിന്മേലാണ് വിഷുവിന് മുൻപ് വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഫിനിഷിംഗ് ജോലികൾ പൂർത്തിയാകാൻ ഇനിയും സമയമെടുക്കും.
നിർമ്മാണ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി. മഴക്കാലം എത്തുന്നതിന് മുൻപ് തന്നെ ടൗൺഷിപ്പിലെ 178 വീടുകളും പൂർണ്ണമായും വാസയോഗ്യമാക്കി കുടുംബങ്ങൾക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















