സംസ്ഥാന പൊലീസിനെ തേടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അഭിനന്ദനക്കത്ത്. കള്ളപ്പണക്കേസിലെ പിടികിട്ടാപ്പുള്ളിയെ അതിസാഹസികമായി പിടികൂടാൻ സഹായിച്ചതിനാണ് ആലപ്പുഴ ജില്ലാ പൊലീസിനെ കേന്ദ്ര ഏജൻസി പ്രശംസിച്ചത്. ഇഡി അഡിഷണൽ ഡയറക്ടർ രാകേഷ് സുമൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ടാണ് കത്തയച്ചത്.
കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് കാലങ്ങളായി ഇഡി അന്വേഷിച്ചുവന്ന പ്രതിയെ പിടികൂടാൻ കേരള പൊലീസ് നൽകിയ സഹായമാണ് ഈ വലിയ അംഗീകാരത്തിന് വഴിതെളിച്ചത്. സാധാരണഗതിയിൽ സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസികളും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾക്കിടയിൽ ഇത്തരം ഒരു അഭിനന്ദനം ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
പ്രതിയെ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ച ആലപ്പുഴയിലെ ഓരോ ഉദ്യോഗസ്ഥരെയും കത്തിൽ അഭിനന്ദിച്ചിട്ടുണ്ട്.ഇതാദ്യമായാണ് കേരള പൊലീസിന്റെ സേവനത്തിന് ഔദ്യോഗികമായി അഭിനന്ദനം അറിയിച്ചുകൊണ്ട് ഇഡി കത്തയക്കുന്നത്.
















