നെയ്യാറിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഓലത്താന്നി തെക്കേ നുള്ളിയോട് പത്മ നിവാസിൽ അയ്യപ്പൻ-പത്മ ദമ്പതികളുടെ മകൻ അമിതേഷ് രാജ് (14) ആണ് മരിച്ചത്. അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്.
ഇന്നലെ വൈകിട്ട് നാലുമണിയോടെ ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്ര കടവിലായിരുന്നു അപകടം. സുഹൃത്തുക്കളെ വിളിക്കാനായി ആറ്റിലെത്തിയതായിരുന്നു അമിതേഷ്. ഇതിനിടെ ചെരുപ്പിലെ ചെളി കഴുകാൻ ശ്രമിക്കുന്നതിനിടെ ഒരു ചെരുപ്പ് വെള്ളത്തിൽ വീണു. ഇതെടുക്കാൻ ആറ്റിലിറങ്ങിയ അമിതേഷ്, ചെരുപ്പ് കൈക്കലാക്കി തിരികെ നീന്തിക്കയറാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു.
അമിതേഷ് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ ആറ്റിൽ ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞെത്തിയ പൂവാർ പൊലീസ്, നെയ്യാറ്റിൻകര-പൂവാർ ഫയർഫോഴ്സ് യൂണിറ്റുകൾ, തിരുവനന്തപുരം സ്കൂബാ ടീം എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
















