‘കുംഭമേള താരത്തെ’ കണ്ടെത്താനായി കൊച്ചിയിലെത്തിയ മധ്യപ്രദേശ് പോലീസ് സംഘം തിരച്ചിൽ അവസാനിപ്പിച്ചു മടങ്ങി. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് വനിതാ എസ്.ഐ ഉൾപ്പെട്ട സംഘം മധ്യപ്രദേശിലേക്ക് മടങ്ങിയത്. കനത്ത തിരച്ചിലിനൊടുവിലും പെൺകുട്ടിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പോലീസ് നീക്കം.
പെൺകുട്ടിയുടെയും ഭർത്താവിന്റെയും മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിലെത്തിയത്. തൃക്കാക്കര, കാക്കനാട് മേഖലകളിൽ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷന് സമീപത്തെ ഫ്ലാറ്റുകളിലും പരിസരപ്രദേശങ്ങളിലും പോലീസ് സംഘം എത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. ടവർ ലൊക്കേഷൻ ഈ പരിസരങ്ങളിൽ കാണിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്.
പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് നിലവിലുണ്ട്. ഇത് നിലനിൽക്കെ ഇയാളെ കസ്റ്റഡിയിലെടുക്കാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് സംഘം താൽക്കാലികമായി അന്വേഷണം അവസാനിപ്പിച്ചത്.
മധ്യപ്രദേശ് പോലീസ് തങ്ങളെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി ദമ്പതികൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. പോലീസിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകുമെന്നാണ് സൂചന.
















