ഉത്തർപ്രദേശിലെ കാൻപുരിൽ പതിനൊന്ന് വയസ്സുള്ള ഇരട്ടപ്പെൺകുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കിഡ്‌വായ് നഗറിലെ അപ്പാർട്ട്‌മെന്റിൽ ഞായറാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മെഡിക്കൽ റെപ്രസെന്റേറ്റീവായ ശശി രഞ്ജൻ മിശ്രയാണ് തന്റെ പെൺമക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ പിടികൂടി.
ഞായറാഴ്ച പുലർച്ചെ കൊലപാതകത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ പോലീസ് എത്തുമ്പോൾ ഫ്ലാറ്റിലെ മുറിക്കുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങൾ. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുട്ടികളുടെ കഴുത്ത് അറുക്കുകയായിരുന്നു. ശശി രഞ്ജൻ മിശ്രയും ഭാര്യ രേഷ്മയും ഇരട്ടപ്പെൺകുട്ടികളും ആറുവയസ്സുള്ള മകനുമാണ് ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. കൃത്യം നടക്കുമ്പോൾ കുട്ടികളുടെ അമ്മയും വീട്ടിലുണ്ടായിരുന്നു.
കൊലപാതകം നടത്തിയ ശശി രഞ്ജൻ മിശ്രയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഫോറൻസിക് പരിശോധനകൾക്കും പ്രാഥമിക നടപടികൾക്കും ശേഷം കുട്ടികളുടെ അമ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. കൊലപാതകത്തിന് പിന്നിൽ കുടുംബ വഴക്കോ മറ്റ് സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടോ എന്ന് ഇവരുടെ മൊഴി ലഭിച്ചാലേ വ്യക്തമാകൂ. ഇതിനുപുറമെ അപ്പാർട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശാസ്ത്രീയമായി പരിശോധിച്ച് വരികയാണ്.
















