വയനാട് ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ കണ്ടെത്തിയെന്ന ആരോപണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഗുണനിലവാരം നൂറു ശതമാനം ഉറപ്പാക്കാതെ ഒരു വീട് പോലും ദുരന്തബാധിതർക്ക് നൽകില്ലെന്ന് മന്ത്രി വ്യക്തമാക്കി. വാസയോഗ്യമല്ലാത്ത ഒരു വീടും സർക്കാർ വിതരണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീട് വെച്ചുനൽകാതെ, ടൗൺഷിപ്പിലെ വിള്ളൽ പരിശോധിച്ച് നടക്കാൻ കോൺഗ്രസിന് നാണമില്ലെയെന്ന് മന്ത്രി ചോദിച്ചു. അഞ്ചുവർഷത്തേക്ക് വീടുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് ഊരാളുങ്കൽ സൊസൈറ്റിയാണെന്നും ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്ലാൻ പോലും ഇല്ലാതെ ജനങ്ങളിൽ നിന്ന് പിരിച്ച പണം എവിടെപ്പോയി എന്ന് കോൺഗ്രസുകാർ വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി കല്ലിട്ട വീടുകൾ ഇപ്പോൾ എവിടെയാണെന്ന് വി. ശിവൻകുട്ടി ചോദിച്ചു. ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് ബോധിപ്പിക്കാൻ അവർ തയ്യാറാകണം. ഇപ്പോൾ അവർ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റുന്ന കണക്കല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. വിള്ളൽ തിരഞ്ഞ് നടക്കുന്നവർ ആദ്യം തങ്ങൾ പിരിച്ച കാശിന്റെ കണക്കാണ് പറയേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
















