കേരളത്തിൽ കൊടും ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത. ഏപ്രിൽ 22 വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത ശക്തമായ വേനൽ മഴ ചൂടിന് വലിയ ശമനമാണ് നൽകിയത്.
മണിക്കൂറുകളോളം നീണ്ടുനിന്ന കനത്ത മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആലുവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണത് ഗതാഗതത്തെയും വൈദ്യുതി ബന്ധത്തെയും ബാധിച്ചു. കരുമാലൂരിൽ ശക്തമായ കാറ്റിൽ ഒരു വീടിന്റെ മേൽക്കൂര പറന്നുപോകുന്ന സാഹചര്യവുമുണ്ടായി.
എന്നാൽ ഏറ്റവും ചൂടുള്ള പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയ താപനില 39.8 ഡിഗ്രി സെൽഷ്യസാണ്. കനത്ത ചൂട് മൂലം നിർജലീകരണം, ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ചൂട് വർധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലെത്തിയിരിക്കുകയാണ്. ശനിയാഴ്ച മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഈ പ്രതിദിന ഉപഭോഗം കെഎസ്ഇബിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം മറികടക്കാൻ പവർ എക്സ്ചേഞ്ചിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനാണ് ബോർഡിന്റെ തീരുമാനം.
















