ധനുഷിനെ നായകനാക്കി വിഘ്‌നേശ് രാജ ഒരുക്കുന്ന സിനിമയാണ് കര. ഏപ്രിൽ 30 ന് സിനിമ പുറത്തിറങ്ങും. സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. ട്രെയ്ലറിൽ ധനുഷിനൊപ്പം സുരാജും മമിതയും ജയറാമും കലക്കിയെന്നാണ് കമന്റുകൾ. ആക്ഷൻ ഡ്രാമ സ്വഭാവത്തിൽ ആണ് സിനിമ ഒരുങ്ങുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ്, തുടങ്ങി വലിയ താരനിരയാണ് സിനിമയിലുള്ളത്. വെൽസ് ഇന്റർനാഷണൽ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. സിനിമയ്ക്കായി ജി വി പ്രകാശ് കുമാർ സംഗീതം കൈകാര്യം ചെയ്യും. പൊല്ലാതവൻ, വാത്തി എന്നീ സിനിമകൾക്ക് ശേഷം ജി വി പ്രകാശ് കുമാറും ധനുഷ് ഒന്നിക്കുന്ന സിനിമയാണിത്. ഒരു ആക്ഷൻ ഡ്രാമയാകും സിനിമ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വലിയ പ്രതീക്ഷയോടെ ധനുഷ് ആരാധകർ കാത്തിരിക്കുന്ന സിനിമയാണിത്.
നേരത്തെ സിനിമയ്ക്ക് നേരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു. കരയിൽ മലയാളി നടി മമിത ബൈജുവിനെ നായികയാക്കിയത് മാത്രമല്ല ഇരുണ്ട നിറക്കാരിയാവാൻ മുഖത്ത് ബ്രൗൺ നിറം പൂശി എന്നത് കൂടിയാണ് വിഘ്നേശിനെതിരെയുള്ള ആരോപണം. പ്രകടനത്തിനാണ് താൻ മുൻഗണന കൊടുക്കുന്നതെന്നും തന്റെ കഥാപാത്രത്തോട് നീതി പുലർത്തുനാവുന്ന ആളാണോ എന്നതായിരിക്കും പ്രധാന പരിഗണനയെന്നും വിഘ്നേശ് പറഞ്ഞു. ഇരുപത്-ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ഓഡിഷൻ ചെയ്തിരുന്നു.
















