സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയർന്നു. മലപ്പുറത്ത് അഞ്ച് പേരും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് പേര്‍ വീതവുമാണ് മരിച്ചത്.
പൂക്കോട്ടുംപാടം ടി.കെ. കോളനി കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തിൽ ആറ് പേരെയാണ് കാണാതായതെന്ന് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ഇതിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി.
ഇനി പ്രദേശവാസിയായ ഒരു സ്ത്രീക്കായാണ് തിരച്ചിൽ നടത്തുന്നത്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും മന്ത്രി പറഞ്ഞു. ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ വണ്ടൂർ സ്വദേശി സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശി റഫീഖ് എന്നിവരുടേതാണ് തിരിച്ചറിഞ്ഞത്. നേരത്തെ കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് യാസീന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
കാണാതായ സ്ത്രീക്കായി ഫയർഫോഴ്സ്, പൊലീസ്, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവർ സംയുക്തമായി പുഴയിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ തുടരുകയാണ്.
ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഉളർവട്ടം കടവിലും ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തിയിലെ പൂക്കോട്ടുംപാടം ടി.കെ. കോളനി പുഴയിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്.
പ്രദേശത്ത് മഴയില്ലാതിരുന്ന സമയത്താണ് പുഴയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നത്. വനമേഖലയിൽ ശക്തമായ മഴ പെയ്തതാണ് പുഴയിലെ ഒഴുക്ക് വർധിക്കാൻ കാരണമെന്നാണ് വിവരം.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്.പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.















