വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുന്നു. നിയമം നടപ്പിലാക്കുന്നത് മനഃപൂർവം വൈകിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. മണ്ഡല പുനർനിർണയത്തെ സംവരണവുമായി ബന്ധിപ്പിക്കുന്നത് ഈ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വനിതാ സംവരണം ആവശ്യപ്പെട്ട് 2017-ൽ സോണിയ ഗാന്ധിയും 2018-ൽ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് അയച്ച കത്തുകൾ ‘എക്സിലൂടെ’ പങ്കുവെച്ചാണ് കോൺഗ്രസ് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. സംവരണം നടപ്പിലാക്കാൻ കോൺഗ്രസ് മുൻകൈ എടുത്തിരുന്നുവെന്നും ബിജെപി അത് തടസ്സപ്പെടുത്തുകയാണെന്നുമാണ് പാർട്ടിയുടെ വാദം. നിലവിൽ പാസാക്കിയ ബിൽ പ്രകാരം ഉടനടി സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായ പ്രചാരണ പരിപാടികൾക്കും കോൺഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്.
















