കേരളത്തിൽ വേനൽ കടുക്കുന്നു. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർദ്ധിക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ ലഭിക്കേണ്ട താപനിലയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത.
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളത് പാലക്കാട് ജില്ലയിലാണ്. ഇവിടെ താപനില 40°C വരെ ഉയർന്നേക്കാം. കൊല്ലം ജില്ലയിൽ 39°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.
ഉയർന്ന താപനിലക്കൊപ്പം അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. തുടർച്ചയായി വെയിലേൽക്കുന്നത് സൂര്യാതപം, സൂര്യാഘാതം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് വഴിതെളിക്കും. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
പകൽ 10 മണി മുതൽ 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഈ സമയത്താണ് അന്തരീക്ഷത്തിൽ അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തുന്നത്.
















