സംസ്ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
വൈദ്യുത-ആശയവിനിമയ ശൃംഖലകളെയും വീട്ടുപകരണങ്ങളെയും ഇടിമിന്നൽ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇടിമിന്നൽ സാധ്യതയുള്ള സമയങ്ങളിൽ വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിടാനും ജനലുകളും വാതിലുകളും അടച്ചിടാനും ശ്രദ്ധിക്കണം.
















