കോഴിക്കോട് ജില്ലയിൽ ഓൺലൈൻ ഓഹരി വ്യാപാരത്തിന്റെ പേരിൽ വൻ തട്ടിപ്പ് തുടരുന്നു. കല്ലായി സ്വദേശിയായ വീട്ടുടമയ്ക്കും കുടുംബത്തിനുമായി 1,27,95,000 രൂപയാണ് (ഏകദേശം 1.28 കോടി) സൈബർ തട്ടിപ്പിലൂടെ നഷ്ടമായത്. ‘ആക്സിസ് സെക്യൂരിറ്റീസ്’ എന്ന വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് അരങ്ങേറിയത്.
നീലം ധവാൻ എന്ന പേരിൽ പരിചയപ്പെടുത്തിയ വ്യക്തി അഡ്മിനായ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പരാതിക്കാരൻ കെണിയിൽ അകപ്പെട്ടത്. ഓഹരി വിപണിയിൽ നിക്ഷേപിച്ച് വലിയ ലാഭം നേടാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച ഇദ്ദേഹത്തെ, തട്ടിപ്പുകാർ പ്രത്യേക ട്രേഡിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയായിരുന്നു. തുടക്കത്തിൽ ലാഭം ലഭിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വ്യാജ കണക്കുകളാണ് ആപ്പിൽ പ്രദർശിപ്പിച്ചിരുന്നത്.
ജനുവരി 10 മുതൽ ഏപ്രിൽ 2 വരെയുള്ള കാലയളവിനുള്ളിലാണ് പരാതിക്കാരന്റെയും ഭാര്യയുടെയും സുഹൃത്തുക്കളുടെയും വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പണം കൈമാറിയത്. മൊത്തം 33 ഘട്ടങ്ങളിലായാണ് 1.28 കോടിയോളം രൂപ തട്ടിപ്പുകാർ കൈക്കലാക്കിയത്. ലാഭവിഹിതം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക തടസ്സങ്ങൾ പറയുകയും കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്.അടുത്തിടെയായി കോഴിക്കോട് ജില്ലയിൽ സമാനമായ രീതിയിൽ കോടികൾ നഷ്ടപ്പെടുന്ന നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
















