മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി.എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ദുരന്തസ്ഥലത്തുനിന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു മൃതദേഹവും 29 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ലഭിച്ച ശരീരഭാഗങ്ങൾ ആരുടേതാണെന്ന് ഉറപ്പുവരുത്തുന്നതിനായി കാണാതായവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു കഴിഞ്ഞു. നിലവിൽ കണ്ടെടുത്ത 9 മൃതദേഹങ്ങളിൽ എട്ടെണ്ണവും തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകി. ശേഷിക്കുന്ന ഒരു മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎൻഎ ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. മൂന്ന് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകുമെന്നും ഇതോടെ അനിശ്ചിതത്വത്തിന് വിരാമമാകുമെന്നും കളക്ടർ വ്യക്തമാക്കി.
സ്ഫോടനം നടന്ന സ്ഥലത്തും സമീപത്തെ കുളത്തിലും ശരീരഭാഗങ്ങൾക്കായി നടത്തിയ വിപുലമായ പരിശോധനകൾ പൂർത്തിയായി. കുളത്തിൽ നടത്തിയ തിരച്ചിലിൽ മനുഷ്യശരീര ഭാഗങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും സ്ഫോടനവുമായി ബന്ധപ്പെട്ട ചില നിർണ്ണായക വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.
















