സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റുള്ള മരണം. തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടു വയസ്സുകാരൻ ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചു. അഴുർ സ്വദേശികളായ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൻ ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് പുലർച്ചെ വീട്ടിലെ കട്ടിലിൽ കിടന്നുറങ്ങുന്നതിനിടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്.
കട്ടിലിൽ ഉറങ്ങുകയായിരുന്ന ദിക്ഷൻ, കാലിൽ എന്തോ കടിച്ചതായി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ നടത്തിയ പരിശോധനയിൽ മുറിയിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെ കണ്ടെത്തുകയും അതിനെ പിടികൂടുകയും ചെയ്തു.
ഉടൻതന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് അവിടെ നിന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചു പക്ഷേ ജീവൻ രക്ഷിക്കാനായില്ല.കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
















