പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിന് കോൺഗ്രസ് മറുപടി നൽകി.
ഖാർഗെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യത്തെ വിശദീകരിക്കാൻ ഉപയോഗിച്ച വാക്കുകളെ ഗൂഢലക്ഷ്യത്തോടെ വളച്ചൊടിച്ചതാണെന്നും കോൺഗ്രസ് ആരോപിച്ചു.
പ്രസംഗത്തിലെ ഒരു വരി മാത്രം അടർത്തിയെടുത്താണ് ബിജെപി പരാതി നൽകിയതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
മറുപടി നൽകാൻ വെറും 24 മണിക്കൂർ മാത്രം അനുവദിച്ച നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും കൂടുതൽ വിശദമായ മറുപടി നൽകാൻ ഒരാഴ്ച കൂടി സമയം വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
കമ്മീഷന്റെ ഈ തിടുക്കം സംശയാസ്പദമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
















