സോഷ്യൽ മീഡിയയിലെ വൈറൽ താരമായ അലിൻ ജോസ് പെരേരയ്ക്കൊപ്പം സെൽഫി എടുത്ത് ചേർത്തുപിടിക്കുന്ന നടൻ ജയസൂര്യയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ജയസൂര്യയുടെ പുതിയ സിനിമയുടെ പൂജ ചടങ്ങിനിടെയാണ് വൈറൽ താരം എത്തിയത്.
ജയസൂര്യയോടൊപ്പം സെൽഫി ചോദിച്ച അലിന് താരം സന്തോഷത്തോടെ അനുവാദം നൽകുകയും, ഫോട്ടോ എടുത്തു കഴിഞ്ഞതിനു പിന്നാലെ പെരേര താരത്തെ ആലിംഗനം ചെയ്യുകയുമായിരുന്നു. ഈ വിഡിയോ നിമിഷങ്ങൾക്കകം വൈറലായി മാറി.
കഴിഞ്ഞ ദിവസം ഒരു വിവാഹച്ചടങ്ങില്‍ അതിഥിയായെത്തിയ അലിനെ പരിഹസിച്ച് ഇറക്കി വിട്ട വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അലിൻ ജോസ് പെരേരയുടെ പ്രവൃത്തികളെ വെറുമൊരു വിനോദമായി കാണുന്നതിന് പകരം അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കി മര്യാദയോടെ പെരുമാറണമെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്. എന്നാൽ ജയസൂര്യയെപ്പോലെയുള്ള താരങ്ങൾ അലിനോട് കാണിച്ച സ്നേഹവും കരുതലും അഭിനന്ദനാർഹമാണെന്നും ആരാധകർ കുറിക്കുന്നു.
എന്നാൽ ഈ വൈറൽ നിമിഷങ്ങൾക്കിടയിലും അലിൻ ജോസ് പെരേരയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അലിൻ നേരിടുന്ന വ്യക്തിപരമായ വെല്ലുവിളികളെ ചിലർ മുതലെടുക്കുന്നു എന്നാണ് കുറിപ്പിലെ പ്രധാന ആരോപണം.
അലിൻ ജോസ് പെരേരയെ ചിലർ ബോധപൂർവ്വം ‘കോമാളി’യാക്കി മാറ്റുകയാണെന്ന് കുറിപ്പിൽ പറയുന്നു. ‘‘ഇങ്ങനെ മര്യാദയ്ക്ക് നടന്നാൽ നിന്നെ ആരും കോമാളി എന്ന് വിളിക്കില്ല. ഇവനെ ഇങ്ങനെ കോമാളി കളിപ്പിച്ചു നടക്കുന്ന ചില ലോക്കൽ മീഡിയ ചാനലുകളും ഇവന്റെ കൂട്ടുകാരും കൂടി ഇവനെ വച്ച് നന്നായി മുതലെടുക്കുന്നുണ്ട്. അത് എന്നാണ് ഇവന് മനസ്സിലാകുന്നത് അന്ന് ഇവൻ രക്ഷപ്പെടും. അല്ലെങ്കിൽ ആജീവനാന്തം കോമാളിയായി ജീവിക്കാം’’
പെരേരയുടെ കൂടെ നടക്കുന്നവർക്ക് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിവുണ്ടായിട്ടും, അദ്ദേഹത്തെ വച്ച് പണം സമ്പാദിക്കാനും സോഷ്യൽ മീഡിയയിൽ റീച്ച് ഉണ്ടാക്കാനുമാണ് പലരും ശ്രമിക്കുന്നതെന്ന ഗുരുതരമായ ആരോപണവും ഈ പോസ്റ്റിൽ ഉന്നയിക്കുന്നുണ്ട്.
















