സർവീസിലിരുന്ന കാലത്തും തെറ്റായ പ്രവണതകൾ കാണിക്കുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും, മുഖത്തുനോക്കി സംസാരിക്കാൻ മടിച്ചിട്ടില്ലെന്നും വ്യക്തമാക്കി മുൻ ഡിജിപി ആർ. ശ്രീലേഖ. വട്ടിയൂർക്കാവ് സംഘർഷവുമായി ബന്ധപ്പെട്ട സമരത്തിനിടെ താൻ നടത്തിയ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയയിലൂടെയുള്ള ശ്രീലേഖയുടെ ഈ പരസ്യ പ്രതികരണം.
തന്റെ ഔദ്യോഗിക ജീവിതത്തിൽ അഴിമതിക്കും ഗുരുതരമായ വീഴ്ചകൾക്കും എതിരെ കർശന നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ശ്രീലേഖ ചൂണ്ടിക്കാട്ടി. നിരവധി പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചിലരെ സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. അക്കാലത്തൊന്നും ഒരു അസോസിയേഷൻ നേതാവും തനിക്കെതിരെ ശബ്ദമുയർത്തിയിട്ടില്ലെന്ന് അവർ ഓർമ്മിപ്പിച്ചു.
വിരമിച്ച ശേഷം, തെറ്റ് ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ ‘പോടാ’ എന്ന് വിളിച്ചതിനെതിരെ രംഗത്തുവന്നവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ശ്രീലേഖ മറുപടി നൽകിയത്. സർവീസിലിരിക്കെ ഇതിലും വലിയ നടപടികൾ എടുത്തപ്പോൾ കാണാത്ത പ്രതിഷേധം ഇപ്പോൾ എന്തിനാണെന്നും അവർ ചോദിച്ചു. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ യോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ച ഡിജിപിക്കും പോലീസ് കമ്മീഷണർക്കും അവർ നന്ദി അറിയിച്ചു.
















