ഒമ്പത് വർഷം മുൻപ് ബന്ധുവായ വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിക്കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. കരുളായി ചെട്ടിയിൽ സ്വദേശി തെക്കുംപുറത്ത് ജമാലുദ്ദീനെ (50) ആണ് കേരള-കർണാടക അതിർത്തി ഗ്രാമമായ പൈവളികെയിൽ നിന്ന് പോലീസ് സംഘം വലയിലാക്കിയത്.
2017 ഏപ്രിൽ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവും അയൽവാസിയുമായ ആലുങ്ങൽ ഹസീനയെ വാക്കുതർക്കത്തെത്തുടർന്ന് ജമാലുദ്ദീൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഹസീന കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മരണത്തിന് മുൻപ് ഹസീന നൽകിയ മൊഴിയാണ് കേസിൽ ജമാലുദ്ദീനെതിരെ നിർണ്ണായക തെളിവായി മാറിയത്. തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചത് ജമാലുദ്ദീനാണെന്ന് ഹസീന മൊഴി നൽകിയിരുന്നു.
അറസ്റ്റിലായ ജമാലുദ്ദീൻ പിന്നീട് കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. എന്നാൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ ഇയാൾ മുങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ മഞ്ചേശ്വരം പൈവളികെയിൽ ടാപ്പിംഗ് തൊഴിലാളിയായി വേഷം മാറി താമസിച്ചു വരികയായിരുന്നു.
പ്രതി അതിർത്തി പ്രദേശത്ത് ഒളിവിൽ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളോളം തോട്ടം മേഖലയിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. ഒടുവിൽ തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്.
















