പത്തനംതിട്ടയിൽ സൗഹൃദം സ്ഥാപിച്ച് കഞ്ചാവ് നൽകി 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നാരങ്ങാനം തോന്ന്യാമല മധുമല ലക്ഷംവീട്ടിൽ അശ്വിൻ രാജിനെയാണ് (22) മലമ്പുഴ പോലെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസമാണ് സംഭവം നടന്നത്. യുവാവ് 12 വയസ്സുകാരനുമായി സൗഹൃദം സ്ഥാപിച്ചു. ശേഷം കഞ്ചാവ് ബീഡി നൽകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പലതവണ കഞ്ചാവ് ബീഡി ഉപയോഗിച്ചതോടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളും കഠിനവേദനയും ഉണ്ടായി. തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ചികിത്സയിലാണ് കുട്ടി കഞ്ചാവ് ഉപയോഗിക്കുന്ന കാര്യം മനസ്സിലായത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, കുട്ടികൾക്ക് ലഹരി മരുന്ന് നൽകൽ, കുട്ടികളോടുള്ള ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















