രോഗിയായ യാത്രക്കാരനോട് മോശമായി പെരുമാറുകയും പറഞ്ഞ സ്റ്റോപ്പിൽ ഇറക്കാതിരിക്കുകയും ചെയ്ത കെഎസ്ആർടിസിക്ക് തിരിച്ചടി. മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ 30,000 രൂപ പിഴ ശിക്ഷ വിധിച്ചു. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ നൽകിയ പരാതിയിലാണ് ഈ സുപ്രധാന വിധി. കെഎസ്ആർടിസി എംഡി പരാതിക്കാരന് ഈ തുക നൽകണമെന്നാണ് വിധി.
കെ. മോഹൻദാസ് പ്രസിഡന്റായ കമ്മീഷൻ, പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവായും നൽകാൻ ഉത്തരവിട്ടു. 45 ദിവസത്തിനകം തുക നൽകിയില്ലെങ്കിൽ ഒൻപത് ശതമാനം പലിശയടക്കം നൽകേണ്ടി വരുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.
തൃശ്ശൂർ ആമ്പല്ലൂരിൽ നിന്ന് മലപ്പുറം കൊളപ്പുറത്തേക്ക് യാത്ര ചെയ്യാനാണ് സൈനുദ്ദീൻ ബസ്സിൽ കയറിയത്. ശാരീരിക അസ്വസ്ഥതകളുള്ളതിനാൽ തനിക്ക് ഇരിക്കാൻ സീറ്റ് വേണമെന്ന് ഇദ്ദേഹം കണ്ടക്ടറോട് അഭ്യർത്ഥിച്ചിരുന്നു. തൃശ്ശൂർ എത്തുമ്പോൾ സീറ്റ് ശരിയാക്കിത്തരാമെന്നായിരുന്നു കണ്ടക്ടറുടെ മറുപടി.
എന്നാൽ തൃശ്ശൂരിൽ ബസ് എത്തിയപ്പോൾ ഒഴിഞ്ഞു കിടന്ന സീറ്റിലിരുന്ന സൈനുദ്ദീനെ, അത് റിസർവ് ചെയ്ത സീറ്റാണെന്ന് പറഞ്ഞ് കണ്ടക്ടർ എഴുന്നേൽപ്പിച്ചു. മറ്റു സീറ്റുകളെല്ലാം അപ്പോഴേക്കും നിറയുകയും ചെയ്തു. ഇതോടെ മൂന്ന് മണിക്കൂറോളം സമയം രോഗിയായ സൈനുദ്ദീന് ബസ്സിൽ നിന്ന് യാത്ര ചെയ്യേണ്ടി വന്നു.
ബസ് സർവീസ് റോഡിലൂടെ പോകാതെ ദേശീയപാതയിലൂടെ പോയതിനാൽ ഇദ്ദേഹത്തിന് ഇറങ്ങേണ്ട കക്കാട് സ്റ്റോപ്പിൽ ബസ് നിർത്തിയില്ല. പകരം കിലോമീറ്ററുകൾ അകലെയുള്ള കൂരിയാട്ടാണ് ഇദ്ദേഹത്തെ ഇറക്കിയത്. ഈ ദുരനുഭവങ്ങളെത്തുടർന്നാണ് സൈനുദ്ദീൻ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
















