ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ തർക്കത്തിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു. മുഖത്ത് കേക്ക് തേച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് വെടിവെപ്പിലേക്കും തുടർന്നുള്ള കൂട്ടക്കൊലയിലേക്കും നയിച്ചത്. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്.
ജീതു സൈനി എന്ന യുവാവിന്റെ ജന്മദിനാഘോഷങ്ങൾക്കിടയിലാണ് സംഭവം.ജിമ്മിലും വീട്ടിലുമായി നടന്ന ആഘോഷങ്ങൾക്കിടെ സുഹൃത്തുക്കൾ ചേർന്ന് ജീതുവിന്റെ മുഖത്ത് കേക്ക് തേച്ചിരുന്നു. ഇതിൽ പ്രകോപിതനായ ജീതുവും സുഹൃത്തുക്കളും തമ്മിൽ വലിയ രീതിയിലുള്ള വാക്കേറ്റം ഉടലെടുത്തു. തുടർന്ന് സ്ഥലത്തുനിന്ന് മടങ്ങിയ ജീതു സൈനി, നിമിഷങ്ങൾക്കകം മാരകായുധങ്ങളുമായി തിരിച്ചെത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നത്.
ഏഴോ എട്ടോ ലൈസൻസുള്ള തോക്കുകളുമായാണ് ജീതുവും സംഘവും സംഭവസ്ഥലത്ത് വീണ്ടും എത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ സംഘം യുവാക്കൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരൻ സഞ്ജയ് വെളിപ്പെടുത്തി. തർക്കം ഒത്തുതീർപ്പാക്കാൻ താൻ പരമാവധി ശ്രമിച്ചെങ്കിലും അക്രമിസംഘം അതിന് തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















