വാക്കുതർക്കത്തിനിടെ പൊലീസ് ഹെഡ്കോൺസ്റ്റബിളിന്റെ വെടിയേറ്റ് ഫൂഡ് ഡെലിവറി ബോയ് കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്കേറ്റു. ദ്വാരക ജാഫർപുർ കാലാൻ വില്ലേജിൽ പുലർച്ചെ 2നായിരുന്നു സംഭവം. ബിഹാർ സ്വദേശി പാണ്ഡവ് കുമാർ(21) ആണ് മരിച്ചത്. പരുക്കേറ്റ സുഹൃത്ത് രൂപേഷ് ചികിത്സയിലാണ്.
ഡൽഹി പൊലീസ് സ്പെഷൽ സെല്ലിലെ ഹെഡ്കോൺസ്റ്റബിൾ നീരജിന്റെ വീടിനു സമീപത്തു താമസിക്കുന്ന ഒരു സംഘം തൊഴിലാളികൾ രാത്രി വീട്ടിൽ പാർട്ടി നടത്തിയിരുന്നു. രാത്രി വൈകിയും ഉച്ചത്തിൽ പാട്ട് തുടർന്നതോടെ നീരജ് ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തു.
തർക്കം വഴക്കിലേക്കു നീങ്ങിയതോടെയാണ് നീരജ് തോക്കെടുത്ത് വെടിയുതിർത്തത്. വെടിയേറ്റ ഇരുവരെയും റാവു തുലാറാം ആശുപത്രിയിൽ എത്തിച്ചെങ്കിലും പാണ്ഡവ് മരിച്ചിരുന്നു. രൂപേഷിനെ ഹരിനഗറിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിന് പിന്നാലെ നീരജിനെതിരെ കൊലപാതകക്കുറ്റത്തിന് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
















