മലയാളികളുടെ പ്രിയങ്കരനായ താരം അസിഫ് അലിയുടെ സഹോദരനാണ് അഷ്കർ അലി. 2017ൽ പുറത്തിറങ്ങിയ ഹണീ ബീ 2.5 എന്ന ചിത്രത്തിലൂടെയാണ് ചേട്ടന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് അഷ്കർ അരങ്ങേറ്റം കുറിച്ചത്. അതേവർഷം തന്നെ അരുൺ വൈഗ സംവിധാനം ചെയ്ത ചെമ്പരത്തിപൂവ് എന്ന ചിത്രത്തിലും അഷ്കർ നായകനായി അഭിനയിച്ചു.
ഒമ്പത് വർഷമായി മലയാള സിനിമയുടെ ഭാഗമാണെങ്കിലും താരം ഇപ്പോഴും സ്ട്രഗിളിങ് സ്റ്റേജിൽ തന്നെയാണ്. നായക വേഷങ്ങൾ ചെയ്യുന്നതിനേക്കാൾ കൂടുതലായും ക്യാരക്ടർ റോളുകളിലാണ് അഷ്കർ കൂടുതലും തിളങ്ങുന്നത്. ആസിഫും തുടക്കത്തിൽ ഇങ്ങനെ തന്നെയായിരുന്നു. വില്ലൻ, സഹനടൻ, ഹാസ്യ നടൻ റോളുകളാണ് ചെയ്തിരുന്നത്. ചേട്ടന് സംഭവിച്ചതുപോലെ എന്നെങ്കിലും ഒരിക്കൽ സിനിമയിൽ തന്റേയും രാശി തെളിയുമെന്ന പ്രതീക്ഷ നടനുണ്ട്.
ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ലക്ഷ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അഷ്കർ അലി പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഉമ്മ ചോദിക്കുമ്പോൾ പണം അയച്ചുകൊടുക്കാൻ കഴിയണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്ന് നടൻ പറയുന്നു. വീട്ടിൽ നിന്നും ഉമ്മ എന്നോട് പണം ചോദിച്ചാൽ കുറച്ച് കാശ് കൊടുക്കാൻ പറ്റണം. അതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി. എന്റെ കയ്യിൽ കാശില്ലല്ലോ കുറച്ച് തരാൻ പറ്റുമോയെന്ന് ഉമ്മ ചോദിക്കുമ്പോൾ ഇക്ക അയച്ച് കൊടുക്കുന്നതിനേക്കാൾ മുമ്പ് എനിക്ക് കൊടുക്കാൻ കഴിയണം.
കാരണം വീട്ടിൽ നിന്നും ഉമ്മ വിളിച്ച് കഴിഞ്ഞാൽ ഫോണിൽ കിട്ടാൻ ചാൻസ് എന്നെയാണ്. അല്ലെങ്കിൽ ഞാൻ ഇക്കയുടെ അടുത്ത് ചോദിച്ച് അവിടെ നിന്നും വാങ്ങി കയ്യിൽ കൊടുക്കുകയെന്ന് പറഞ്ഞാൽ സമയം എടുക്കും. അതേസമയം ഉമ്മ ചോദിക്കുമ്പോഴേ എനിക്ക് അയച്ച് കൊടുക്കാൻ സാധിച്ചാൽ ഇവന് എന്തോ പണിയുണ്ടെന്ന് ഉമ്മയ്ക്കും മനസിലാകും. കാശുണ്ടാക്കുന്നുണ്ടെന്നും മനസിലാകും. അത് എനിക്ക് ഇഷ്ടമുള്ളൊരു പരിപാടിയാണ്.
















