സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടർക്കഥയാകുന്നതിൽ ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിക്കുന്ന സാഹചര്യത്തിൽ, വിഷയത്തിൽ അടിയന്തര ഇടപെടലുമായി ആരോഗ്യവകുപ്പ്. പാമ്പുകടിയേറ്റുള്ള മരണം കുറയ്ക്കുക എന്നത് സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള കാര്യമാണെന്നും ഇതിനായി സമഗ്രമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലെല്ലാം ആന്റി വെനം സ്റ്റോക്ക് ഉണ്ടെന്ന് മന്ത്രി ഉറപ്പുനൽകി. പാമ്പുകടിയേറ്റാൽ ഉടൻതന്നെ ചികിത്സ ലഭ്യമാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ആശുപത്രികളിൽ സജ്ജമാണ്. ചികിത്സാ സൗകര്യങ്ങളിൽ വീഴ്ച വരുത്തരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
















