ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ. ശബരിമലയിലെ നിലവിലുള്ള ആചാരങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് യാതൊരു അവകാശവുമില്ലെന്ന ശക്തമായ നിലപാടുമായി ആണ് അവർ രംഗത്തെത്തിയത്.വിശ്വാസികൾ അല്ലാത്തവർ ഭരണാധികാരത്തിൽ വരുമ്പോൾ ക്ഷേത്ര ആചാരങ്ങൾ ലംഘിക്കപ്പെടുന്നു എന്ന ഗൗരവകരമായ ആരോപണവും സംഘടന ഉന്നയിക്കുന്നു.
ഈശ്വരവിശ്വാസമില്ലാത്ത വ്യക്തി ദേവസ്വം മന്ത്രിയായി ശ്രീകോവിലിന് മുന്നിൽ നിൽക്കുമ്പോൾ ക്ഷേത്ര മര്യാദകളും ആചാരങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് ബ്രാഹ്മണ ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനാപരമായ മതസ്വാതന്ത്ര്യം ശബരിമലയിൽ സംരക്ഷിക്കപ്പെടണമെന്നും, വിശ്വാസമില്ലാത്തവർ അധികാരം ഉപയോഗിച്ച് ആചാരങ്ങളിൽ ഇടപെടുന്നത് തടയണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. ബ്രാഹ്മണ ഫെഡറേഷന് വേണ്ടി ഹാജരായ അഭിഭാഷകൻ എം.ആർ. അഭിലാഷാണ് ഈ വാദങ്ങൾ കോടതിക്ക് മുന്നിൽ ഉയർത്തിയത്.
















