ദക്ഷിണ ഓസ്‌ട്രേലിയയിലെ പാരാഫീൽഡ് വിമാനത്താവളത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഏകദേശം 1:10 നോട് വിമാന അപകടം ഉണ്ടായത്. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട വിമാനം റൺവേയ്ക്ക് സമീപത്തെ ഹാംഗറിലേക്ക് (വിമാനങ്ങൾ സൂക്ഷിക്കുന്ന ഹാൾ) ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന പൈലറ്റും ഒരു യാത്രക്കാരനും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
ഇരട്ട എഞ്ചിനുള്ള ഡയമണ്ട് ഡി.എ 42 വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിലേക്ക് ഇറങ്ങുന്നതിനിടെ അപ്രതീക്ഷിതമായി നിയന്ത്രണം നഷ്ടമായ വിമാനം വലിയ ശബ്ദത്തോടെ ഹാംഗറിലേക്ക് ഇടിച്ചുകയറുകയും തൊട്ടുപിന്നാലെ തീപിടിക്കുകയുമായിരുന്നു. നിമിഷങ്ങൾക്കകം പ്രദേശം കറുത്ത പുകയാൽ മൂടപ്പെട്ടു.
വിമാനം ഹാംഗറിലേക്ക് ഇടിച്ചുകയറുന്ന സമയത്ത് അതിനുള്ളിൽ ജോലി ചെയ്തിരുന്ന 11 ജീവനക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന മറ്റുള്ളവരെ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
അപകടത്തെത്തുടർന്ന് പാരാഫീൽഡ് വിമാനത്താവളത്തിലെ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുകയും പ്രദേശം പൂർണ്ണമായും സുരക്ഷാ ഏജൻസികളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. സംഭവത്തിൽ ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ വിശദമായ അന്വേഷണം ആരംഭിച്ചു. കാൻബറ, ബ്രിസ്‌ബേൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി വിമാനത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിക്കും.ഈ വർഷം പാരാഫീൽഡ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ജനുവരിയിൽ ഒരു പരിശീലന വിമാനത്തിന് ഇതേ വിമാനത്താവളത്തിൽ വെച്ച് തീപിടിച്ചിരുന്നെങ്കിലും അന്ന് പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
















