സോഷ്യൽ മീഡിയയിലൂടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയുടേതാണ് ഉത്തരവ്. സൈബർ കേസുമായി ബന്ധപ്പെട്ട് രാഹുലിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യത്തിനാണ് ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്.
ജാമ്യ വ്യവസ്ഥകൾ രാഹുൽ ഈശ്വർ ലംഘിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന ആരോപണം. അതിജീവിതയെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിച്ചുവെന്നും, തെളിവുകൾ നശിപ്പിക്കാൻ പ്രതി നീക്കം നടത്തിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കൂടാതെ, മറ്റ് ക്രിമിനൽ കേസുകളിൽ പ്രതി ഉൾപ്പെട്ടത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നും അതിനാൽ ജാമ്യം റദ്ദാക്കി പ്രതിയെ കസ്റ്റഡിയിൽ വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു.
എന്നാൽ, പ്രോസിക്യൂഷൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള വസ്തുതാപരമായ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭീഷണിപ്പെടുത്തിയതിനോ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനോ വ്യക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.
















