നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പോലീസ് കരുതൽ തടങ്കലിലെടുത്തു. കോതമംഗലം പുന്നേക്കാടുള്ള ഒരു റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കോതമംഗലം പൊലീസ് ഇയാളെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്.
അർജുൻ ആയങ്കിക്കൊപ്പം കസ്റ്റഡിയിലായവരിൽ പ്രമുഖ ഗുണ്ടാ നേതാവ് മരട് അനീഷിന്റെ കൂട്ടാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കരുതൽ തടങ്കലെന്നാണ് സൂചന.
ഇന്നലെ രാത്രിയോടെ കോതമംഗലത്ത് എത്തിയ അർജുനും സുഹൃത്തുക്കളും റിസോർട്ടിലാണ് താമസിച്ചിരിക്കുന്നത്. വിവാഹ പരിപാടിക്കിടെ അർജുനും സുഹൃത്തുക്കളും നൃത്തം വച്ചതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് അർജുനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്.
അർജുനും സുഹൃത്തുക്കളും കോതമംഗലത്ത് എത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് കോതമംഗലം പൊലീസിൻ്റെ വാദം. ഇതിൻ്റെ ഭാഗമായാണ് കരുതൽ തടങ്കൽ. അർജുൻ കോതമംഗലത്ത് വരാൻ ഉണ്ടായ സാഹചര്യം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
















