പുതു മുഖങ്ങൾ അണിനിരന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രം ‘വാഴ 2’ ഒടിടിയിലേക്ക്. ചിത്രം മേയ് 8 മുതൽ ജിയോ ഹോട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഏപ്രിൽ രണ്ടിന് തിയറ്ററുകളിലെത്തിയ സിനിമ 124 കോടി രൂപയാണ് കേരളത്തിൽ നിന്നും നേടിയത്. സിനിമ നാലാം വാരത്തിലെത്തുമ്പോൾ ആഗോള ബോക്സ്ഓഫിസ് കളക്ഷൻ 235 കോടിയാണ്.
കേരളത്തിൽ ബോക്സ്ഓഫിസ് റെക്കോർഡുകൾ തിരുത്തിയ സിനിമയുടെ തെലുങ്ക് പതിപ്പും റിലീസിനെത്തിയിട്ടുണ്ട്. തെലുങ്കിലും കലക്‌ഷൻ കുതിക്കുകയാണെങ്കിൽ ‘ലോക’ നേടിയ ആഗോള കലക്‌ഷൻ റെക്കോർഡും ‘വാഴ’ മറി കടന്നേക്കും.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി നവാഗത സംവിധായകനായ എസ്. സവിൻ സംവിധാനം ചെയ്ത് പുറത്തിറക്കിയ ചിത്രമാണ് ‘വാഴ 2’. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് നവാഗതരെ മുൻനിർത്തി ഒരുക്കിയ സിനിമക്ക് 200 കോടി കലക്‌ഷൻ കിട്ടുന്നത്. മാത്രമല്ല ഒരു പുതുമുഖത്തിനു ലഭിക്കുന്ന ഏറ്റവും വലിയ എന്‍ട്രി കൂടിയാണ് ഹാഷിറിനു ചിത്രത്തിലൂടെ ലഭിച്ചത്.
ഇൻസ്റ്റഗ്രാം റീൽസിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾ അണി നിരന്ന ചിത്രത്തിൽ സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിച്ചിട്ടുണ്ട്.
ഡബ്ല്യൂ.ബി.ടി.എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
















