നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ അന്തരിച്ചു. പത്തനംതിട്ട ഏനാത്ത് വച്ച് കാറും വാനും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ നടനും ഭാര്യയ്ക്കും പരിക്കേറ്റിരുന്നു.
അപകടത്തിന് പിന്നാലെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യയും പരിക്കേറ്റ് ചികിത്സയിലാണ്. നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹിനിയാട്ടം ആയിരുന്നു അവസാന സിനിമ.
എ.ടി.അബു സംവിധാനം ചെയ്ത ‘രാഗം താനം പല്ലവി’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്ക് എത്തുന്നത്. ‘ഇതു ഞങ്ങളുടെ കഥ’ എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് സന്തോഷ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
തുടർന്നിങ്ങോട്ട് നൂറിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. ഏപ്രിൽ 18, ഇവിടെ തുടങ്ങുന്നു എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കൊതി തീരും വരെ, ഇത് നല്ല തമാശ എന്നീ സിനിമകളിൽ നായകവേഷം ചെയ്തു. യുവജനോത്സവത്തിലെ നിസാർ, ഇരുപതാം നൂറ്റാണ്ടിലെ ജാക്കിയുടെ വലംകയ്യായ ലോറൻസ് തുടങ്ങിയ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
രാപാർക്കാം, കമ്മത്ത് ആൻഡ് കമ്മത്ത് എന്നീ സിനിമകളിൽ കോമഡി വേഷങ്ങളും ചെയ്തിട്ടുണ്ട്. ചില ടെലിവിഷൻ പരമ്പരകളിലും സന്തോഷ് അഭിനയിച്ചിട്ടുണ്ട്.
















