മുഖ്യമന്ത്രി ആരാകണമെന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് വി ഡി സതീശൻ. പാർട്ടിയുടെ തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഈ വിഷയത്തിൽ പ്രത്യേക അവകാശവാദങ്ങൾ ഉന്നയിക്കാനോ അഭിപ്രായപ്രകടനങ്ങൾ നടത്താനോ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചതിലുള്ള ആത്മവിശ്വാസവും അഭിമാനവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പലയിടത്തും സി.പി.ഐ.എം-ബി.ജെ.പി ഡീൽ നടന്നതായി വി ഡി സതീശൻ ആരോപിച്ചു. ഇടതുകോട്ടകളായ മൂന്ന് സിറ്റിംഗ് സീറ്റുകളും രണ്ട് മന്ത്രിമാരുടെ സീറ്റുകളും നഷ്ടപ്പെട്ടത് ഇതിന്റെ സൂചനയാണ്. ബി.ജെ.പിക്ക് ചില സീറ്റുകൾ വെള്ളിത്തളികയിൽ വെച്ചുനൽകിയത് സിപിഐഎമ്മാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫിന്റെ വലിയ വിജയത്തിന് പിന്നിൽ ടീം വർക്കിന്റെ കരുത്തുണ്ട്. പുറത്ത് കണ്ട പ്രവർത്തനത്തേക്കാൾ പത്തിരട്ടി കഠിനാധ്വാനം നിശബ്ദമായി നടത്തിയിരുന്നു. കേവലം ഒരു രാഷ്ട്രീയ മുന്നണി എന്നതിലുപരി വിപുലമായ ഒരു രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി മാറാൻ യു.ഡി.എഫിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















