സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ പരാജയം ഏറ്റുവാങ്ങിയ പയ്യന്നൂരിലെ വിധി പാർട്ടി നേതൃത്വത്തിന് എതിരെയുള്ള അണികളുടെ താക്കീതാണെന്ന് വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിലെ ബഹുഭൂരിപക്ഷം പ്രവർത്തകരും താൻ ഉയർത്തിയ നിലപാടുകളെ അംഗീകരിച്ചുവെന്നും നേതൃത്വത്തെ തിരുത്താൻ അണികൾ സന്നദ്ധരായെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ട് തട്ടിപ്പ് ഉൾപ്പെടെയുള്ള പാർട്ടിയിലെ അനീതിക്കെതിരെ താൻ ഉന്നയിച്ച വിഷയങ്ങൾ വോട്ടർമാർ ഏറ്റെടുത്തു. സിപിഎം വോട്ടുകൾ വലിയ തോതിൽ തനിക്ക് ലഭിച്ചുവെന്നും കുഞ്ഞികൃഷ്ണൻ അവകാശപ്പെട്ടു.
പയ്യന്നൂർ കേന്ദ്രീകരിച്ച് പുതിയൊരു രാഷ്ട്രീയ കൂട്ടായ്മയ്ക്ക് രൂപം നൽകും. ഇതിന്റെ സംസ്ഥാനതല ചർച്ചകൾ നടന്നു വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഒരു ചുക്കും സംഭവിക്കില്ല എന്ന പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയാണെന്നും, എന്നാൽ പയ്യന്നൂരിലെ ജനങ്ങൾ നേതൃത്വത്തെ തിരുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















