ട്രെയിന്‍ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് വീണുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരോടും സുരക്ഷിതമായ യാത്രാ രീതികള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് തിരുവനന്തപുരം ഡിവിഷന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (RPF). ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ കോച്ചിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്നതും ഫുട്‌ബോര്‍ഡില്‍ യാത്ര ചെയ്യുന്നതും പോലുള്ള അപകടകരമായ പ്രവണതകള്‍ ഒഴിവാക്കണം. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ വളവുകള്‍, ബ്രേക്കിംഗ്, ട്രെയിനിലെ തിരക്ക്, പെട്ടെന്നുള്ള ശാരീരിക അസ്വസ്ഥത എന്നിവ കാരണം ബാലന്‍സ് നഷ്ടപ്പെടാന്‍ ഇടയാക്കും.
ചെറിയ ഒരു പിഴവു പോലും ഗുരുതരമായ പരിക്കുകള്‍ക്കും മരണത്തിനും കാരണമാകും. ട്രെയിനില്‍ പ്രവേശിച്ചാലുടന്‍ കോച്ചിനുള്ളിലേക്ക് പൂര്‍ണമായും കയറി ഡോറില്‍ നിന്ന് പരമാവധി സുരക്ഷ പാലിച്ച് യാത്ര ചെയ്യണം. ഒരുകാരണവശാലും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറുകയോ, ഇറങ്ങുകയോ ചെയ്യരുത്. ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്ന് പുറത്തേക്ക് ചാഞ്ഞ് അല്ലെങ്കില്‍ തൂങ്ങിനില്‍ക്കരുത്. ഈ വര്‍ഷം ഇതുവരെ ഡിവിഷനില്‍ 37 യാത്രക്കാര്‍ വീണുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവയില്‍ പലതും ഗുരുതരമായ പരിക്കുകളും ജീവഹാനിയും ഉണ്ടാക്കിയിട്ടുണ്ട്.
RPFഉം റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് ബോധവത്കരണ ക്യാമ്പെയ്നുകള്‍, സ്റ്റേഷന്‍ അറിയിപ്പുകള്‍, യാത്രക്കാരുടെ കൗണ്‍സിലിംഗ്, നിരീക്ഷണം എന്നിവ ശക്തമാക്കി തുടരുകയാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്നും ട്രെയിന്‍ യാത്ര അതീവ ശ്രദ്ധയോടെ നടത്തണമെന്നും അധികൃതര്‍ സൂചിപ്പിച്ചു. സുരക്ഷിത ട്രെയിന്‍ യാത്രയ്ക്കായി എല്ലാവരുടെയും സഹകരണം ഡിവിഷന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അഭ്യര്‍ത്ഥിച്ചു.
















