സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനം ഡിജിറ്റല്‍ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ സജി ഗോപിനാഥ് ഒഴിഞ്ഞു. ഇന്നലെ മുഖ്യമന്ത്രിക്ക് സ്ഥാനം ഒഴിഞ്ഞു കൊണ്ടുള്ള കത്ത് അദ്ദേഹം കൈമാറി. ഇദ്ദേഹത്തിനെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വി.സി ലോക്ഭവനില്‍ ഹാജരായി ഗവര്‍ണര്‍ക്ക് വിശദീകരണവും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് സ്ഥാനം രാജിവെയ്ക്കുന്നതു എന്ന് അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്.
ഗവര്‍ണറുടെ അനുമതി കൂടാതെയാണ് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ ചുമതല ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ:സജി ഗോപിനാഥന്‍ ഏറ്റെടുത്തത്. ഇതിനെതിരേയാണ് അച്ചടക്ക നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പരാതി. സജി ഗോപിനാഥ് ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല എന്നാണ് സൂചന. തുടര്‍ന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞതും.
നിലവിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിരമിച്ച ഒഴിവിലാണ് ഡോ:സജി ഗോപിനാഥന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ ചുമതല മുഖ്യമന്ത്രി നല്‍കിയത്. മാനേജ്‌മെന്റ് പ്രൊഫസറായ സജി ഗോപിനാഥ്‌ന് ഈ പദവിക്ക് യോഗ്യതയില്ലെങ്കിലും മുഖ്യമന്ത്രി അദ്ദേഹത്തെ നിയമിക്കുകയായിരുന്നു. മാത്രമല്ല രണ്ടു വര്‍ഷം മുന്‍പ് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായിരിക്കെ സര്‍ക്കാരിന്റെ അനുമതിക്ക് അപേക്ഷ നല്‍കിയശേഷം സാങ്കേതിക സര്‍വ്വകലാശാല വിസിയുടെ അധിക ചുമതല ഏറ്റെടുത്തതിന്റെ പേരില്‍ ഡോ:സിസാ തോമസിനെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ച സര്‍ക്കാരാണ്, ഡിജിറ്റല്‍ വിസിയുടെ നിയമന അധികാരിയായ ഗവര്‍ണറുടെ അനുമതി കൂടാതെ സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌ന്റെ പദവി നല്‍കിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കെ തിരക്കിട്ട് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് തസ്തികയില്‍ നിയമനം നടത്താനുള്ള സര്‍ക്കാറിന്റെ നീക്കം പരാതിയേതുടര്‍ന്ന് നിര്‍ത്തിവച്ച ശേഷമാണ് സജി ഗോപിനാഥന് കൗണ്‍സിലിന്റെ ചുമതല നല്‍കിയത്.
















