ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ വാടാനപ്പള്ളി തളിക്കുളം പത്താംകല്ല് മങ്ങാട്ട് സുനിത കൊല്ലപ്പെട്ട സംഭവത്തിൽ വൈകാരിക പ്രതികരണവുമായി നടി പാർവതി തിരുവോത്ത്.
പൊട്ടിക്കരഞ്ഞാണ് സുനിതയുടെ കൊലപാതകത്തിലുള്ള ഞെട്ടലും അമർഷവും താരം പങ്കുവച്ചത്. ഉപദ്രവിക്കാൻ കഴിയാത്തതുകൊണ്ടാണ് അയാൾ സുനിതയെ കൊന്നത്. ഇത് ആദ്യമായല്ല അയാൾ ഇത്തരം കുറ്റകൃത്യം ചെയ്യുന്നത്. ഇത് അയാളുടെ അവസാനത്തേതുമായിരിക്കില്ലെന്ന് വിഡിയോയിൽ പാർവതി പറയുന്നു.
സുനിതയെ വ്യക്തിപരമായി അറിയാമെന്നും അവരുടെ വീട്ടിൽ പോയിട്ടുണ്ടെന്നും താരം കുറിച്ചു. ലൈംഗിക അതിക്രമം തടുക്കുന്നതിന് ഇടയിലാണ് സുനിത ക്രൂരമായി കൊല്ലപ്പെട്ടത്. മിണ്ടാപ്രാണികളോട് അളവറ്റ ദയ കാണിച്ചിരുന്ന വ്യക്തിയായിരുന്നു സുനിതയെന്നും പാർവതി ഓർത്തെടുത്തു. സുനിതയുടെ കുടുംബത്തിനും അവർ സംരക്ഷിക്കുന്ന നായ്ക്കൾക്കും തുടർസംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിന് ഇടപെടുന്നുണ്ടെന്നും താരം അറിയിച്ചു.
പാർവതിയുടെ വാക്കുകൾ: സുനിത കൊല്ലപ്പെട്ടു. സുനിത വെറുതെ മരിച്ചതല്ല. അവൾ കൊല്ലപ്പെട്ടതാണ്. ഞാൻ കണ്ടിട്ടുള്ള ഏറ്റവും സ്നേഹസമ്പന്നയും ദയയും നിറഞ്ഞ സ്ത്രീകളിൽ ഒരാൾ ലൈംഗിക അതിക്രമത്തെ ചെറുക്കുന്നതിനിടയിൽ സ്വന്തം കൊലയാളിയാൽ കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞതുമുതൽ കണ്ണീർ അടക്കാൻ എനിക്ക് സാധിച്ചിട്ടില്ല. അതാകട്ടെ അവളുടെ തൊഴിലുടമയായിരുന്നു. അയാൾ ഇപ്പോഴും അറസ്റ്റിലായി നീതിക്ക് മുന്നിൽ കൊണ്ടുവരപ്പെട്ടിട്ടില്ല.
എന്നാൽ ഇതിൽ നമ്മൾ അദ്ഭുതപ്പെടുന്നുണ്ടോ? സുനിതയെ സ്നേഹിക്കുന്ന ഭർത്താവും നാല് വയസ്സുള്ള മകനും അവശേഷിക്കുന്നു. അവൾ രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്ത 167 നായ്ക്കളും.
സുനിത ഇതിനു മുൻപും പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരു കത്തിക്കുത്തിൽ നിന്നും, മൂന്നാം ഡിഗ്രി പൊള്ളലിൽ നിന്നും മറ്റു പല അപകടങ്ങളിൽ നിന്നും അവൾ രക്ഷപ്പെട്ടിട്ടുണ്ട്. അവളുടെ കൊലയാളി തന്റെ ‘നായ് സംരക്ഷണ കേന്ദ്രത്തിൽ’ ഒരു ശമ്പളം വാഗ്ദാനം ചെയ്തതുകൊണ്ടാണ് അവൾ ആ ജോലി സ്വീകരിച്ചത്. തന്റെ കുടുംബത്തെയും അവൾ രക്ഷിച്ച നായ്ക്കളെയും സംരക്ഷിക്കാൻ അത് സഹായിക്കുമെന്നതുകൊണ്ടാണ് അവളത് ചെയ്തത്. അവളുടെ ദയയുള്ള ഹൃദയം അവളെ മരണത്തിലേക്ക് നയിച്ചുവോ?
ഇതെന്നെക്കൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്നില്ല. സുനിതയ്ക്ക് സംഭവിച്ചത് അതിയായ ദുരന്തമാണ്. അവളുടെ ഭർത്താവ്, നാല് വയസ്സുള്ള മകൻ, അവൾ രക്ഷപ്പെടുത്തിയ ഏകദേശം 160 നായ്ക്കൾ എന്നിവരെയാണ് അവൾ ഈ ഭൂമിയിൽ അവശേഷിപ്പിച്ചിട്ടുള്ളത്. അവരുടെ നിലവിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുറച്ചു കാര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ, ദത്തെടുക്കാൻ കഴിയുന്ന നിലയിലുള്ള ചില നായ്ക്കളെ അവിടെ നിന്ന് ദത്തെടുപ്പിക്കാൻ ശ്രമിക്കും. ഈ ദുഷ്കരമായ സമയത്ത് സുനിതയുടെ കുടുംബത്തെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കുമല്ലോ, ആർക്കെങ്കിലും കുടുംബത്തെയോ അവർ സംരക്ഷിക്കുന്ന മൃഗങ്ങളെയോ ഏതെങ്കിലും രീതിയിൽ സഹായിക്കാൻ താല്പര്യമുണ്ടെങ്കിൽ, ദയവായി എനിക്ക് മെസേജ് അയയ്ക്കുക. ഞാൻ അവരുടെ കുടുംബവുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകാം.
















