കന്നഡ ചിത്രമായ ‘കെഡി: ദ ഡവിൾ’ ആയി ബന്ധപ്പെട്ട വിവാദത്തിൽ ദേശീയ വനിതാ കമ്മിഷന് മുന്നിൽ ഹാജരായി ബോളിവുഡ് നടിയും നർത്തകിയുമായ നോറാ ഫത്തേഹി. സർക്കെ ചുനാർ പാട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യാഴാഴ്ച രാവിലെ 11.30-ഓടെ ഹാജരാവാനായിരുന്നു നടിയോട് നിർദേശിച്ചത്. കമ്മിഷന് മുന്നിൽ ഹാജരായ നടി രേഖാമൂലം മാപ്പെഴുതി നൽകി.
‘ആരേയും വ്രണപ്പെടുത്തുക എന്നത് എന്റെ ഉദ്ദേശമായിരുന്നില്ല. ഞാൻ മാപ്പെഴുതി നൽകി. നടിയെന്ന നിലയിൽ ഞാൻ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. അനാഥരായ പെൺകുട്ടികളെ ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്’- കമ്മിഷന് മുമ്പാകെ ഹാജരായ നടി പ്രതികരിച്ചു.
നേരത്തേ, ഇതേ സംഭവത്തിൽ സഞ്ജയ് ദത്ത് ഉൾപ്പെടെയുളളവർക്കും കമ്മിഷൻ നോട്ടീസ് അയച്ചിരുന്നു. ഏപ്രിൽ 27-ന് സഞ്ജയ് ദത്ത് ഹാജരായി. മാപ്പെഴുതി നൽകിയ അദ്ദേഹം 50 ആദിവാസി പെൺകുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കാമെന്നും കമ്മിഷനെ അറിയിച്ചിരുന്നു.
ഗാനരചയിതാവ് റക്വീബ് ആലം, നിർമാതാവ് വെങ്കട് കെ. നാരായണ, സംവിധായകൻ കിരൺ കുമാർ എന്നിവരേയും കമ്മിഷൻ നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നടപടി.
നോറ ഫത്തേഹിയും സഞ്ജയ് ദത്തും അഭിനയിച്ച ഐറ്റം സോങ്ങിനെച്ചൊല്ലി വലിയ വിവാദങ്ങളാണ് ഉണ്ടായത്. ഗാനത്തിലെ വരികളും ദൃശ്യങ്ങളും അങ്ങേയറ്റം അശ്ലീലമാണെന്നും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതാണെന്നും ആരോപണങ്ങൾ ഉയർന്നു. നോറ ഫത്തേഹിയുടെ നൃത്തവും വിമർശിക്കപ്പെട്ടു. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ചിത്രത്തിന്റെ ഗാനത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽനിന്ന് നീക്കം ചെയ്തു.
ഗാനത്തിലെ ഉള്ളടക്കം ലൈംഗികച്ചുവയുള്ളതും ആക്ഷേപകരവുമാണെന്ന് ദേശീയ വനിതാ കമ്മീഷൻ വിലയിരുത്തി. ഭാരതീയ ന്യായ സംഹിത, ഐ.ടി. ആക്ട്, പോക്‌സോ ആക്ട് എന്നിവയുടെ ലംഘനമാണെന്ന് വനിതാ കമ്മീഷൻ പ്രസ്താവിച്ചു.
















