റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റുകള്‍ തകര്‍ക്കുന്നതും ഗേറ്റിനുള്ളില്‍ അശ്രദ്ധമായി വാഹനം ഓടിച്ചു കുടുങ്ങുന്നതും തടയാന്‍ കര്‍ശന നടപടികളുമായി തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍. സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്ന വ്യക്തികളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനോ റദ്ദാക്കാനോ മോട്ടോര്‍ വാഹന വകുപ്പിനോട് റെയില്‍വേ സുരക്ഷാസേന (RPF) ശുപാര്‍ശ ചെയ്യും. ഇതുസംബന്ധിച്ച സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ 07/2026 നമ്പര്‍ സര്‍ക്കുലര്‍ നിലവില്‍ വന്നു.
മുന്നറിയിപ്പു സിഗ്‌നലുകള്‍ അവഗണിച്ചോ, ഗേറ്റ് അടയ്ക്കുന്നതിനിടയിലോ ബലമായി കടക്കാന്‍ ശ്രമിക്കുന്നതു ഗുരുതരമായ ക്രിമിനല്‍ കുറ്റമായി കണക്കാക്കും. ലൈസന്‍സ് റദ്ദാക്കലിനു പുറമെ, റെയില്‍വേ സ്വത്തുക്കള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കു പിഴയും ശിക്ഷയും നേരിടേണ്ടി വരും. ഇത്തരം സംഭവങ്ങള്‍ ട്രെയിന്‍ യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്നതിനാലാണു കടുത്ത നടപടി. 2025-ല്‍ തിരുവനന്തപുരം ഡിവിഷനില്‍ 104 ഗേറ്റ് തകര്‍ക്കല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2026-ല്‍ ഇതുവരെ 27 സംഭവങ്ങളാണുണ്ടായത്. ഇത്തരത്തിലുള്ള ഓരോ സംഭവവും ട്രെയിന്‍ സര്‍വീസ് വൈകിപ്പിക്കുകയും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു.
അക്ഷമയോടെയുള്ള ഡ്രൈവിങ്ങും അമിതവേഗവുമാണ് അപകടങ്ങള്‍ക്കു പ്രധാന കാരണമെന്ന് RPF വിലയിരുത്തുന്നു. മുന്നറിയിപ്പു സിഗ്‌നല്‍ ലഭിച്ചാലുടന്‍ വാഹനം നിര്‍ത്തുക, ഗേറ്റ് പൂര്‍ണമായി തുറന്ന ശേഷം മാത്രം ശ്രദ്ധയോടെ കടക്കുക, ഗേറ്റിനിടയില്‍ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ അതീവ ജാഗ്രത പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ റെയില്‍വേ നല്‍കിയിട്ടുണ്ട്. മനുഷ്യജീവന്‍ സംരക്ഷിക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും പൊതുജനങ്ങള്‍ ഗവണ്മെന്റ് നിര്‍ദേശങ്ങളോടു പൂര്‍ണമായി സഹകരിക്കണമെന്ന് RPF അഭ്യര്‍ഥിച്ചു.
















