40 വര്‍ഷം പഴക്കമുള്ള റിസര്‍വേഷന്‍ സംവിധാനത്തില്‍ നിന്ന് നവീകരിച്ച പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഉറപ്പാക്കാന്‍ റെയില്‍വേ മന്ത്രിയുടെ നിര്‍ദേശം. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ ഡല്‍ഹി റെയില്‍ ഭവനില്‍ ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേര്‍ന്ന്, 40 വര്‍ഷം പഴക്കമുള്ള റെയില്‍വേ റിസര്‍വേഷന്‍ സംവിധാനത്തില്‍ നിന്ന് നവീകരിച്ച പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നടപ്പാക്കണമെന്ന് നിര്‍ദേശം നല്‍കി. കേന്ദ്ര റെയില്‍വേ സഹമന്ത്രിമാരായ വി. സോമണ്ണ, ശ്രീ റവ്നീത് സിംഗ് ബിട്ടു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
1986ല്‍ ആരംഭിച്ച റിസര്‍വേഷന്‍ സംവിധാനം കഴിഞ്ഞ 40 വര്‍ഷത്തിനിടെ ചെറിയ മാറ്റങ്ങള്‍ക്കു വിധേയമായിരുന്നുവെങ്കിലും, ഇപ്പോള്‍ അതിനെ സമഗ്രമായി നവീകരിക്കുകയും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ശേഷി ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റെയില്‍വേ റിസര്‍വേഷന്‍ സംവിധാനത്തിന്റെ വളര്‍ച്ചയില്‍ നിരവധി നിര്‍ണായക ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2002-ല്‍ ഇന്ത്യന്‍ റെയില്‍വേ ഇന്റര്‍നെറ്റ് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനം അവതരിപ്പിച്ചു. ഇന്ന് ഈ സംവിധാനം അത്രയും ജനപ്രിയമായതിനാല്‍ ഭൂരിഭാഗം yയാത്രക്കാരും ടിക്കറ്റ് കൗണ്ടറുകളെ ആശ്രയിക്കുന്നില്ല. നിലവില്‍ രാജ്യത്തെ മൊത്തം ടിക്കറ്റിംഗിന്റെ ഏകദേശം 88 ശതമാനവും ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെയാണ് നിറവേറ്റപ്പെടുന്നത്.
RailOne മൊബൈല്‍ ആപ്പ് യാത്രക്കാരില്‍ വേഗത്തില്‍ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുറത്തിറക്കിയ ഈ ആപ്പ് ഒരു വര്‍ഷം തികയുന്നതിനുമുമ്പ് രാജ്യത്തുടനീളം 3.5 കോടിയിലധികം ഡൗണ്‍ലോഡുകള്‍ നേടി. ഈ ആപ്പിന്റെ ജനപ്രീതിക്ക് പ്രധാന കാരണം, റെയില്‍വേയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകുന്നതാണ്. ഇന്ന് ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് കണ്‍ഫം ആകാനുള്ള സാധ്യതയുണ്ടോ ഇല്ലയോ എന്ന വിവരം RailOne ആപ്പ് യാത്രക്കാരെ അറിയിക്കുന്നു.
ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച AI അടിസ്ഥാനമാക്കിയുള്ള കണ്‍ഫര്‍മേഷന്‍ സാധ്യത പ്രവചിക്കുന്ന സംവിധാനം ഉപയോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുടെ കണ്‍ഫര്‍മേഷന്‍ പ്രവചന കൃത്യത മുമ്പുണ്ടായിരുന്ന 53 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 94 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. റിസര്‍വ് ചെയ്തതും റിസര്‍വ് ചെയ്യാത്തതുമായ ടിക്കറ്റുകള്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ എന്നിവയുടെ ബുക്കിംഗ്, റദ്ദാക്കല്‍, റീഫണ്ട് തുടങ്ങി മിക്കവാറും എല്ലാ റെയില്‍വേ സേവനങ്ങളും RailOne ആപ്പില്‍ ഏകോപിപ്പിച്ചിരിക്കുന്നു. ടിക്കറ്റിന്റെ വെയിറ്റിംഗ് സ്റ്റാറ്റസ്, ട്രെയിന്‍ സമയക്രമം, ട്രെയിന്റെ തത്സമയ റണ്ണിങ് പൊസിഷന്‍, പ്ലാറ്റ്‌ഫോം വിവരങ്ങള്‍, കോച്ച് പൊസിഷന്‍, യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കുന്ന Rail Madad സേവനം തുടങ്ങിയവയും ആപ്പിലൂടെ ലഭ്യമാണ്.
യാത്രയ്ക്കിടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും അത് യാത്രക്കാരുടെ സീറ്റില്‍ തന്നെ എത്തിക്കുന്ന സംവിധാനവും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരന് സൗകര്യപ്രദവും സേവനകേന്ദ്രിതവുമായ നിരവധി സവിശേഷതകളാല്‍ RailOne ആപ്പിന്റെ ജനപ്രീതി വേഗത്തില്‍ ഉയരുകയാണ്. രാജ്യത്തുടനീളം പ്രതിദിനം 9.29 ലക്ഷം ടിക്കറ്റുകളാണ് ഈ ആപ്പിലൂടെ ബുക്ക് ചെയ്യുന്നത്. ഇതില്‍ 7.2 ലക്ഷം റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളും 2.09 ലക്ഷം റിസര്‍വ് ചെയ്ത ടിക്കറ്റുകളും ഉള്‍പ്പെടുന്നു. റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റുകളും ഉള്‍പ്പെടും. Android, iOS എന്നീ രണ്ട് പ്ലാറ്റ്‌ഫോമുകളിലും RailOne ആപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. Google Play Store വഴി 3.16 കോടി തവണയും Apple ഉപകരണങ്ങളില്‍ 33.17 ലക്ഷം തവണയും ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ ഒരു ജീവരേഖയാണ്. 2024-25 കാലയളവില്‍ യാത്രക്കാരുടെ ടിക്കറ്റുകളില്‍ ഇന്ത്യന്‍ റെയില്‍വേ ?60,239 കോടി രൂപയുടെ സബ്‌സിഡി നല്‍കിയിട്ടുണ്ട്. ഓരോ യാത്രക്കാരനും ശരാശരി 43 ശതമാനം ഇളവാണ് ഇതിലൂടെ ലഭിക്കുന്നത്. മറ്റുവിധത്തില്‍ പറഞ്ഞാല്‍, 100 രൂപ ചെലവ് വരുന്ന സേവനം യാത്രക്കാര്‍ക്ക് 57 രൂപ മാത്രം ഈടാക്കിയാണ് നല്‍കുന്നത്.
















