തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്ത്രീ ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സംഭവത്തിൽ ഇരയായ സ്ത്രീയെ പൊലീസ് കണ്ടെത്തി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്ന് വൈദ്യപരിശോധന നടത്തും. തുടർന്ന് മൊഴി രേഖപ്പെടുത്തി നിയമനടപടികളിലേക്ക് കടക്കും.
അതേസമയം, സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബസ് സ്റ്റാൻഡിനുള്ളിൽ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ദൃശ്യങ്ങൾ പരിശോധിച്ച കെഎസ്ആർടിസി ഉദ്യോഗസ്ഥർ ഡിപ്പോ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പന്നിയോട് സ്വദേശിയായ ബ്രൂസ്‌ലി ഷിബുവാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു

















