തിരുവനന്തപുരം എംസി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്. ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്നു സുബിൻ. ഇന്ന് പുലർച്ചെ 2.30-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് വന്ന ബൈക്ക് എതിർദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ സുബിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ സമീപത്തെ അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങൾ സുബിനെ ആംബുലൻസിൽ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാമനപുരത്തുനിന്ന് ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന ഗോകുലം മെഡിക്കൽ കോളജിലെ ഡോക്ടർമാർ സഞ്ചരിച്ചിരുന്ന കാറിലാണ് ബൈക്ക് ഇടിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുബിന്റെ സുഹൃത്ത് സിദ്ധാർഥിനും (18) അപകടത്തിൽ പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
















