സംസ്ഥാനത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ബദൽ ഇന്ധനമായ വിറകിന് ആവശ്യകതയേറുന്നു. ഡിമാൻഡ് വർദ്ധിച്ചതോടെ വിറക് വിലയും കുത്തനെ ഉയർന്നു.
ഹോട്ടലുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും വൻതോതിൽ വിറകിലേക്ക് മാറിയതോടെ വിപണിയിൽ വലിയ വിറക് ക്ഷാമമാണ് നിലവിൽ അനുഭവപ്പെടുന്നത്.
കൂടുതൽ നേരം കനൽ നിൽക്കുന്ന വാളമ്പുളി വിറകിനാണ് ആവശ്യക്കാർ ഏറെയുള്ളത്. നേരത്തെ പത്ത് കിലോയ്ക്ക് 60 രൂപയായിരുന്ന വാളമ്പുളി വിറകിന് നിലവിൽ 80 മുതൽ 100 രൂപ വരെയാണ് ഈടാക്കുന്നത്.
വരും ദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
ഹോട്ടലുകളിലേക്ക് വിറക് വൻതോതിൽ ശേഖരിക്കാൻ തുടങ്ങിയതോടെ വീടുകളിലേക്കുള്ള ലഭ്യതയും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇത് സാധാരണക്കാരുടെ അടുക്കള ബജറ്റിനെയും താളം തെറ്റിക്കുന്നു.
















