കേരളത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവെ, കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദവുമായി മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്ത്.
ഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ട കൊടിക്കുന്നിൽ, തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടു.
മുതിർന്ന നേതാവ് എന്ന നിലയിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തിന് താൻ അർഹനാണെന്ന് കൊടിക്കുന്നിൽ ഖാർഗെയെ അറിയിച്ചു.
മുൻപ് പലതവണ അവസരങ്ങൾ വന്നപ്പോഴും തന്നെ മാറ്റി നിർത്തിയ കാര്യവും ഇത്തവണ സംവരണ മണ്ഡലങ്ങളിൽ പാർട്ടി നേടിയ വലിയ വിജയവും അദ്ദേഹം ഖാർഗെയുടെ ശ്രദ്ധയിൽപ്പെടുത്തി.
ബെന്നി ബഹനാൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകൾ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് കൊടിക്കുന്നിലിന്റെ നിർണ്ണായക നീക്കം.
















