വളാഞ്ചേരിയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി സഹോദരങ്ങളെ പൊലീസ് പിടികൂടി. ആതവനാട് സ്വദേശികളായ റഷീദ് (53), മുഹമ്മദ് ഷരീഫ് (38) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കുടശ്ശേരിപ്പാറ എകെകെ നഗർ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കാറിൽ ഇരിക്കുകയായിരുന്ന ഇവരെ പൊലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇവരുടെ കൈവശം സൂക്ഷിച്ചിരുന്ന നാല് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
വളാഞ്ചേരി എസ് ഐ നിർമലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നു പൊലീസ് പറഞ്ഞു.
പ്രദേശത്തെ ലഹരി വിൽപ്പന ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
















