തമിഴ്‌നാട്ടിലെ വ്യവസായിയുടെ നേതൃത്വത്തില്‍ നടന്ന പീഡനങ്ങള്‍ പുറത്തു വരാന്‍ വിജയ് സര്‍ക്കാര്‍ അദികാരത്തില്‍ വരേണ്ടി വന്നു. സ്ത്രീ പീഡനക്കേസുകള്‍ പത്തോളമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മറഞ്ഞുപോയിരുന്നത്. ഈ കേസുകളെല്ലാം ഒതുക്കി തീര്‍ക്കാന്‍ നടന്നത് കോടികളുടെ പണമിടപാടുകളുമായിരുന്നു. ഡി.എ.കെ സര്‍ക്കാരിന്റെ കാലത്തു പൊലീസ് എഴുതിത്തള്ളിയ കേസുകള്‍ കോടതി ഇടപെടലില്‍ വീണ്ടും അന്വേഷിച്ചതോടെയാണ് വ്യവസായിയും സംഘവും കൂട്ടത്തോടെ പിടിയിലായത്.
പത്തോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ വ്യവസായിയും ജെം ഗ്രാനൈറ്റ്‌സ് ഉടമയുമായ വീരമണി (84) കേസ് പുറത്തുവരാതിരിക്കാന്‍ 70 കോടി രൂപയാണ് ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലിയായി മാത്രം നല്‍കിയത്. ഓഗസ്റ്റ് അവസാനമാണു വീരമണി, സഹായി മഹേന്ദ്ര സിംഹന്‍, ഇയാളുടെ ഭാര്യ ശാന്തി (60) എന്നിവര്‍ പിടിയിലായത്. മറ്റൊരു സഹായി ഗണേശന്‍ കഴിഞ്ഞ ദിവസം പിടിയിലായി. പണമിടപാടിന് ഇടനിലക്കാരനായതിനു പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവിന്റെ മകന്‍ ഉടന്‍ വലയിലാകുമെന്നാണു സൂചന.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയെ വയോധികന്‍ ക്രൂരമായി പീഡിപ്പിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. സാമൂഹിക പ്രവര്‍ത്തകന്റെ പരാതിയില്‍ കേസെടുത്തെങ്കിലും പൊലീസിന് അതിജീവിതയെ കണ്ടെത്താനായില്ല. എന്നാല്‍, പൊലീസ് അനാസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച കോടതിയുടെ നിര്‍ദേശപ്രകാരം വീണ്ടും അന്വേഷണം തുടങ്ങിയതോടെ ക്രൂരതകള്‍ ഒന്നൊന്നായി പുറത്തായി.
പ്രമുഖര്‍ താമസിക്കുന്ന പോയസ് ഗാര്‍ഡനിലെ ആഡംബര ബംഗ്ലാവിലും സ്വന്തം വീട്ടിലും പെണ്‍കുട്ടികളെ എത്തിച്ചു പീഡിപ്പിക്കുന്നതു വീരമണിയുടെ പതിവായിരുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മറയാക്കിയാണു ക്രൂരത തുടര്‍ന്നത്. ശാന്തിയാണു പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണു വീരമണിയെ അറസ്റ്റ് ചെയ്തത്.















