മലമ്പുഴ അകമലവാരത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വെള്ളിരുത്താംപൊറ്റ സ്വദേശിയായ ചന്ദ്രൻ (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കടുത്ത ചൂട് കാരണം വീടിന് പുറത്തുള്ള പുളിഞ്ചോടിൽ മുറ്റത്ത് കിടന്നുറങ്ങുകയായിരുന്നു ചന്ദ്രൻ.
ഈ സമയത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ ആക്രമണമേറ്റ ചന്ദ്രനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു.
നിലവിൽ ചന്ദ്രന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ചന്ദ്രനൊപ്പം രണ്ട് പേർ കൂടി ഒപ്പം ഉണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു.
















