തമിഴ് നടൻ രവി മോഹന്റെ പരോക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി നടി ഖുശ്ബു സുന്ദർ രംഗത്ത്. തന്നെ ലക്ഷ്യമിട്ട് രവി മോഹൻ ഉന്നയിച്ച ‘ഇഡ്ഡലി നടി’ പരാമർശങ്ങൾക്കെതിരെ കടുത്ത അമർഷത്തോടെയാണ് താരം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. നടിയുടെ കുറിപ്പ് സിനിമാ ലോകത്ത് ചർച്ചയായി മാറിയിരിക്കുകയാണ്.
ബൈബിൾ വചനങ്ങളെ മുൻനിർത്തി ഖുശ്ബു പങ്കുവച്ച പോസ്റ്റ് ഇതിനോടകം തന്നെ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. വിശ്വാസവഞ്ചന കാണിക്കുന്നവർക്ക് അത് ‘രക്തത്തിൽ ഉള്ളതാണെന്നും’ മറ്റുള്ളവരുടെ ജീവിതത്തിൽ മുറിവേൽപ്പിക്കുന്നവർക്ക് അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഖുശ്ബു തന്റെ കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകുന്നു.
ഖുശ്ബുവിന്റെ കുറിപ്പിന്റെ പൂർണ രൂപം:
‘‘ബൈബിൾ വചനങ്ങളിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവർ ഒരുകാര്യം മനസ്സിലാക്കണം ‘നിങ്ങളുടേതല്ലാത്തത് ഒന്നും കൈക്കലാക്കരുത്’. നിങ്ങളുടെ പ്രവൃത്തികളാണ് നിങ്ങളെന്താണെന്ന് തെളിയിക്കുന്നത്. ഒരാൾ വിശ്വാസവഞ്ചന കാണിക്കുന്നതിലും മോഷ്ടിക്കുന്നതിലും അദ്ഭുതപ്പെടാനൊന്നുമില്ല; ചതിക്കുക എന്നത് തങ്ങളുടെ രക്തത്തിൽ ഉള്ളതാണെന്ന് അവർ വീണ്ടും തെളിയിക്കുകയാണ്. വഞ്ചനയുടെ ലോകമാണ് അവർക്ക് ഏറ്റവും സുഖകരമായ ഇടം.
തന്റെ യഥാർഥ സ്വഭാവം പുറത്തെടുത്ത്, താൻ ഏത് നിലവാരത്തിൽ നിന്നാണ് വരുന്നതെന്ന് ലോകത്തിന് കാണിച്ചുതന്ന ആ ഒരു മനുഷ്യത്വരഹിതനെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. എന്നാൽ, അണിയറയിൽ ഒളിച്ചിരുന്ന് ഇങ്ങനെയുള്ളവർക്ക് സംസാരിക്കാൻ വേദിയൊരുക്കി നൽകിയ ആളെയാണ് ഞാൻ കുറ്റപ്പെടുത്തുന്നത്. നിങ്ങളുടെ തീരുമാനങ്ങൾക്ക് അതിന്റേതായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, നിങ്ങൾ ഏൽപ്പിക്കുന്ന മുറിവുകൾ ഒരു ആയുസ്സുടനീളം നിലനിൽക്കുമെന്നും ഓർക്കുക. ഓർക്കുക, ഹൃദയവിശുദ്ധിയും ശുദ്ധമായ ചിന്തകളുമുള്ളവർ ദൈവത്തോട് ചേർന്നുനിൽക്കുമെന്നാണ് ബൈബിൾ പറയുന്നത്.’’ ഖുശ്‌ബു കുറിച്ചു.
തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രവി മോഹൻ തെന്നിന്ത്യൻ സിനിമയെ ഞെട്ടിച്ച വെളിപ്പെടുത്തലുകൾ നടത്തിയത്. തന്റെ കുടുംബം തകർത്തതിന് പിന്നിൽ മൂന്നക്ഷരമുള്ള ഒരു ‘ഇഡ്ഡലി നടി’യാണെന്നും, ഫെമിനിസത്തിന്റെ മറവിൽ ഒളിച്ചിരിക്കുന്ന ഇവർ മുൻപും പല പ്രമുഖ നടന്മാരുടെയും ദാമ്പത്യം തകർത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
രവി മോഹന്റെ മുൻഭാര്യ ആരതിയുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് ഖുശ്ബു. ഈ സാഹചര്യവും രവി മോഹൻ നൽകിയ സൂചനകളും മുൻനിർത്തി, ലക്ഷ്യം ഖുശ്ബു തന്നെയാണെന്ന് സോഷ്യൽ മീഡിയ ഉറപ്പിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ്, ആരോപണം ഉന്നയിച്ച വ്യക്തിയെക്കാൾ അയാൾക്ക് സംസാരിക്കാൻ വേദിയൊരുക്കി നൽകിയ ആളെയാണ് താൻ കുറ്റപ്പെടുത്തുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് ഖുശ്ബു രംഗത്തെത്തിയത്.
അതേസമയം ഖുശ്ബുവിന്റെ പ്രതികരണത്തിലും വലിയ വിമർശനമാണ് ഉയരുന്നത്. ഒരു വശത്ത് തൃഷയെ ഒപ്പം കൂട്ടി കൊടുക്കുന്ന പിന്തുണ എന്തുകൊണ്ട് രവി മോഹന്റെ കാര്യത്തിൽ ഖുശ്ബു മറന്നു പോകുന്നുവെന്നാണ് വിമർശകരുടെ ചോദ്യം.
















