ഹോളിവുഡ് ചിത്രം ‘മാസ്റ്റേഴ്സ് ഓഫ് ദ യൂണിവേഴ്സി’ന്റെ ഭാഗമായി മലയാളി താരം ഉണ്ണി മുകുന്ദൻ. സോണി പിക്ചേഴ്സ്–എംജിഎം ലൈവ്-ആക്ഷൻ ഫാന്റസി ചിത്രം ‘മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സി’ന്റെ ഔദ്യോഗിക മലയാളം പതിപ്പിൽ നായക കഥാപാത്രമായ ‘ഹീ-മാന്’ ശബ്ദം നൽകുന്നത് ഉണ്ണി മുകുന്ദൻ ആണ്.
എംജിഎം, സോണി പിക്ച്ചേഴ്സ് പോലുള്ള ഹോളിവുഡ് സ്റ്റുഡിയോസുമായി സഹകരിക്കുന്ന ആദ്യ മലയാള നടൻ കൂടിയാണ് ഉണ്ണി. കോമിക്സുകളിലൂടെയും ടെലിവിഷൻ സ്ക്രീനുകളിലൂടെയും ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ഇതിഹാസ കഥാപാത്രത്തിന് ശബ്ദം പകരാൻ കഴിഞ്ഞത് തന്റെ ജീവിതം പൂർണമാക്കിയ നിമിഷമാണെന്ന് താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ വ്യക്തമാക്കി. തൊണ്ണൂറുകളിൽ വളർന്ന ഏതൊരു കുട്ടിയെയും പോലെ തനിക്കും ഹീ-മാൻ വെറുമൊരു കാർട്ടൂൺ കഥാപാത്രമായിരുന്നില്ലെന്നും അജയ്യമായ കരുത്തിന്റെയും നീതിബോധത്തിന്റെയും പ്രതീകമായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ ഓർത്തെടുത്തു.
ഡബ്ബിങ് വേളയിൽ ചിത്രത്തിന്റെ ചില ഭാഗങ്ങൾ കണ്ടപ്പോൾ താൻ തികച്ചും വികാരാധീനനായെന്നും ഒരു അഭിനേതാവാണെന്ന കാര്യം പോലും മറന്ന് ഹീ-മാന്റെ മാന്ത്രിക പ്രപഞ്ചത്തിൽ അലിഞ്ഞുചേർന്ന ആ പഴയ കൊച്ചുകുട്ടിയായി മാറിയെന്നും താരം വെളിപ്പെടുത്തി. കുട്ടിക്കാലത്ത് ആരാധനയോടെ ആവർത്തിച്ചു പറഞ്ഞിരുന്ന “By the Power of Grayskull… I Have The Power!” (എന്റെ ഉള്ളിലുള്ള ആ ശക്തി കൂടി വാ) എന്ന വിഖ്യാതമായ വരികൾ ഡബ്ബിങ് തിയേറ്ററിൽ ഉച്ചരിച്ച നിമിഷം വാക്കുകൾക്ക് അപ്പുറത്തുള്ള അനുഭൂതിയായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
ഉണ്ണി മുകുന്ദന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
‘‘സിനിമയുടെ വെള്ളിത്തിരകളിലും കോമിക്സിന്റെ താളുകളിലും ടെലിവിഷൻ സ്ക്രീനുകളിലും വിസ്മയം തീർത്ത, ലോകം കണ്ട ഏറ്റവും ജനപ്രിയനായ ആ ഇതിഹാസ നായകന് എന്റെ ശബ്ദം പകർന്നിരിക്കുകയാണ് ഞാൻ… ‘ഹീ-മാൻ’’.
തൊണ്ണൂറുകളിൽ വളർന്ന ഏതൊരു കുട്ടിയെയും പോലെ, എനിക്കും ഹീ-മാൻ വെറുമൊരു കാർട്ടൂൺ കഥാപാത്രമായിരുന്നില്ല; മറിച്ച്, അജയ്യമായ കരുത്തിന്റെയും അചഞ്ചലമായ ധീരതയുടെയും നീതിബോധത്തിന്റെയും യഥാർത്ഥ പൗരുഷത്തിന്റെയും പ്രതീകമായിരുന്നു അവൻ. സിനിമയെന്ന മായാലോകത്തിലേക്ക് എന്നെ ആദ്യമായി ആകർഷിച്ചത് കുട്ടിക്കാലത്ത് കണ്ട ഇത്തരം അമാനുഷിക നായകന്മാരായിരുന്നു. കാലം കടന്നുപോയപ്പോൾ അവർ വെറും ‘കഥാപാത്രങ്ങൾ’ അല്ലാതായി മാറി. എന്റെ കുട്ടിക്കാലത്തിന്റെ, ഭാവനയുടെ, ആത്മാവിന്റെ തന്നെ ഒരു അവിഭാജ്യ ഘടകമായി അവർ രൂപപ്പെടുകയായിരുന്നു. ആക്ഷൻ ഫിഗറുകളും കളക്റ്റബിൾസും ശേഖരിക്കുന്നത് ഇന്നും എനിക്കൊരു ഭ്രാന്താണ്. അവ എന്നെ എങ്ങനെയൊക്കെയോ ആ പഴയ കൊച്ചുകുട്ടിയുമായി ബന്ധിപ്പിച്ചു നിർത്തുന്നു. വഞ്ചനകളില്ലാത്ത, കൂടുതൽ സുരക്ഷിതമായ ഒരു പഴയ ലോകത്തേക്ക് അവ എന്നെ കൂട്ടിക്കൊണ്ടുപോകുന്നു. നന്മ എപ്പോഴും തിന്മയെ തോൽപ്പിച്ചിരുന്ന, ഒരൊറ്റ മാസ് ഡയലോഗ് കേട്ടാൽ നെഞ്ചിടിപ്പ് കൂടുമായിരുന്ന ആ നിഷ്കളങ്കമായ ലോകം…
















